കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പുരുഷന്‍മാരുമുണ്ടെന്ന് ഹൈക്കോടതി. പോക്‌സോ കേസുകളില്‍ ആണ്‍കുട്ടികള്‍ ഇരകളാകുന്നത് വര്‍ധിച്ചിട്ടുണ്ടെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാന്‍ വനിതാ ഗൈനക്കോളജിസ്റ്റുകളെ മാത്രം അനുവദിക്കുന്ന നിബന്ധന ചോദ്യം ചെയ്ത് ഒരു ഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.
ലൈംഗിക അതിക്രമം പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങുന്നില്ല ആണ്‍കുട്ടികളിലും സംഭവിക്കുന്നു. ഇത് അപൂര്‍വ്വമാണ്, പക്ഷേ സാധ്യതയുണ്ട്. പൊതുവെ സ്ത്രീകളെയാണ് സംരക്ഷിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും സ്ത്രീകളാണ്. പ്രോട്ടോക്കോള്‍ അതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. മിക്ക കേസുകളിലും ഇത് സ്ത്രീകളോ പെണ്‍കുട്ടികളോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ നിയമം തെറ്റാണെന്ന് തോന്നുന്നില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും പരിഹരിക്കാനാകുമെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച് 5 ന് കേസ് വീണ്ടും കേള്‍ക്കും.