കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി ഹൈക്കോടതിയില്‍. കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.എന്നാല്‍ ഇഡിയുടെ സമന്‍സ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയില്‍ വാദിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നില്‍ രേഖകളുമായി ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു.
കിഫ്ബി സിഇഒ ഹാജരാകില്ല, പകരം ഫിനാന്‍ഷ്യല്‍ ഡിജിഎം ആകും ഹാജരാകുകയെന്നും അറിയിച്ചു. ഡിജിഎം ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡിജിഎം അജോഷ് കൃഷ്ണന്‍ ഈ മാസം 27, 28 തീയതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.