മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ‘മണിപ്പൂര്‍ ചര്‍ച്ചയായില്ല’

0

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ അജണ്ട വെച്ചിട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാര്‍ദപരമായ ചര്‍ച്ച മാത്രമാണ് നടന്നത്.

മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ചര്‍ച്ചയായില്ലെന്ന് റാഫേല്‍ തട്ടില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ വിസിറ്റ് ആയിട്ടല്ല അവര്‍ സ്വീകരിച്ചത്. ഒരു കോര്‍ഡിയല്‍ വിസിറ്റ് ആയിട്ടാണ് ഇതിനെ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിച്ചില്ല. പ്രധാനമന്ത്രി അക്കാര്യം പരാമര്‍ശിച്ചില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം, ന്യൂനപക്ഷ സമൂഹമെന്ന നിലയ്ക്കും, ക്രൈസ്തവ സമൂഹമെന്ന നിലയ്ക്കുമുള്ള ചില അനുഭവങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം സിബിസിഐ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

അതൊന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയമായില്ല. ഈ ചര്‍ച്ച അങ്ങനെയുള്ള ചര്‍ച്ചയായിരുന്നില്ല. ക്രൈസ്തവ സഭയ്ക്കു നേരെയുണ്ടായ ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെ കണ്ട് പറയാന്‍ സിബിസിഐ തീരുമാനമെടുത്തിട്ടുണ്ട്. സിബിസിഐ മൂന്നു സഭകളുടെ കൂടി സംവിധാനമാണ്. ആ സംവിധാനം വഴി ഈ വിഷയം കേന്ദ്രത്തിന് മുന്നില്‍ കൊണ്ടു വരും.

താന്‍ ഒരു കത്തോലിക്ക സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്നത്. എല്ലാ സഭകളെയും സംബന്ധിക്കുന്ന വിഷയം സിബിസിഐയുടെ ഭാരവാഹികള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടു വരും. മാര്‍പാപ്പ ഇന്ത്യയില്‍ വരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

Leave a Reply