തന്റെ വിവാഹവാർത്തയിലൂടെ മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരിൽ ഒരാളായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ലെന വിവാഹം കഴിച്ചത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്സാണ് തങ്ങളെ ഒന്നിപ്പിച്ചത് എന്നാണ് നവദമ്പതികൾ പറയുന്നത്.
മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ലെന അഭിമുഖത്തിൽ സംസാരിച്ചത്. ഇത് കണ്ടാണ് ലെനയോട് പ്രശാന്തിന് ഇഷ്ടം തോന്നുന്നത്. യൂട്യൂബിൽ ലെനയുടെ അഭിമുഖങ്ങൾ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. സംസാരിച്ചപ്പോൾ രണ്ടാളും ഒരേ വൈബിലുള്ളവരാണെന്ന് മനസിലായതോടെയാണ് കുടുംബവുമായി ആലോചിച്ച് വിവാഹം തീരുമാനിച്ചത് എന്നാണ് ലെന പറയുന്നത്. അഭിമുഖത്തിൽ ലെന പറഞ്ഞ പല കാര്യങ്ങളോടും തനിക്ക് യോജിപ്പ് തോന്നിയിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. യൂട്യൂബിൽ നിന്ന് പെണ്ണ് കണ്ട അനുഭവം രസകരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിൽ വച്ച് നടന്ന വിവാഹ റിസപ്ഷനിൽ നിന്നുള്ള വിഡിയോയും പുറത്തുവന്നു. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിഡിയോ പങ്കുവച്ചത്. തങ്ങളുടെ ഇരുവരുടേയും രണ്ടാം വിവാഹമാണെന്ന് പ്രശാന്ത് നായർ പറയുന്നതും വിഡിയോയിലുണ്ട്. ‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇതു ഞങ്ങളുടെ രണ്ടുപേരുടെയും സെക്കൻഡ് ഇന്നിങ്സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നു. സ്നേഹം മാത്രം.’- ലെനയെ ചേർത്തു പിടിച്ച് പ്രശാന്ത് പറഞ്ഞു.ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു ലെനയുടെയും പ്രശാന്തിന്റെയും വിവാഹം. വിവാഹത്തിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. പ്രോട്ടോകോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രശാന്തിന്റെ അച്ഛനും അമ്മയും മാത്രമാണ് വിവാഹത്തിന് എത്തിയത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന തന്റെ രഹസ്യവിവാഹത്തേക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.