ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരിട്ട് ഹാജരാകാന്‍ കോടതി സമയം നീട്ടി നല്‍കി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശിച്ചു. കെജരിവാള്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായത്. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് മൂലം നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കെജരിവാള്‍ അറിയിക്കുകയായിരുന്നു.
അറസ്റ്റിലാകുമെന്ന സൂചനകള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജരിവാള്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമന്‍സും അയച്ചതിനു പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്.പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എമാര്‍ക്കും 25 കോടി രൂപ വാഗ്ദാനം നല്‍കി എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനമെടുത്തത്. മറ്റന്നാള്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.