കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കെ മുരളീധരന്‍ എംപി. കെകെ ശൈലജ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ്. ശക്തമായ മത്സരത്തിലൂടെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
‘എനിക്ക് എപ്പോഴും കരുത്തരെ നേരിടാനാണ് ഇഷ്ടം. ശൈലജ ടീച്ചറാണ് വരുന്നതെങ്കില്‍ നല്ല കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയെ സിപിഎം തീരുമാനിച്ചോട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാന്‍ ഇതുവരെ ജയിച്ചു വന്നിട്ടുള്ളത്. അങ്ങനെ നല്ല രീതിയില്‍ മത്സരം നടന്ന് വീണ്ടും ജയിച്ചു വരാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും’ കെ മുരളീധരന്‍ വ്യക്തമാക്കി.വയനാട്ടില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തത് റദ്ദാക്കണം. സ്വന്തം ജീവനുവേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരത്തിനിറങ്ങുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
ആനയെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടുന്നത് ആനയ്ക്കും ദോഷമാണ് ജനത്തിനും ദോഷമാണ്. ആന പ്രേമികളൊന്നും കൃഷി ചെയ്യുന്നവരല്ല. അവര്‍ക്ക് കര്‍ഷകരുടെ വിഷമം മനസ്സിലാകില്ല. ആനപ്രേമികളാണ് തണ്ണീര്‍ക്കൊമ്പന്‍ ചരിയാന്‍ ഇടയാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.