കേരളത്തില്‍ എല്‍ഡിഎഫ് കാറ്റ്; നാലിടത്തും വിജയിക്കും; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കര സിഎ അരുണ്‍കുമാര്‍, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും. എകകണ്ഠമായാണ് സ്ഥാനാര്‍ഥി തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് അനകൂലമായ കാറ്റ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മാധ്യമലോകം പ്രചരിപ്പിക്കുന്നതുപോലെ എല്‍ഡിഎഫ് വിരുദ്ധതരംഗം സംസ്ഥാനത്ത് ഇല്ല. ജനങ്ങള്‍ ചിന്തിക്കുന്നത് എല്‍ഡിഎഫിന് വേണ്ടിയാണ്. ഇതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു,

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം കൃത്യമായ സൂചനയാണ്. സിപിഐ മത്സരിക്കുന്ന നാല് സീറ്റിലും വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടില്‍ ആനി രാജയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയാകും എതിര്‍ സ്ഥാനാര്‍ഥി. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടിഎന്‍ പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുമെത്തുന്നതോടെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണമത്സരത്തിന് തൃശൂര്‍ വേദിയാകും. മാവേലിക്കരയില്‍ സിറ്റിങ് എംപി കൊടിക്കുന്നില്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പന്ന്യന്‍ രവീന്ദ്രനെതിരെ സിറ്റിങ് എംപി ശശി തരൂരാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയെ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here