കൊച്ചി: ആതുരശുശ്രൂഷ എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളിലൊന്നാണ്. ആരോഗ്യ പരിശോധനയ്ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് രംഗത്തിറങ്ങിയാലോ. അത്തരമൊരു അവിസ്മരണീയ സന്ദര്‍ഭത്തിനാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സാക്ഷ്യം വഹിച്ചത്.
എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് സഹപ്രവര്‍ത്തകരായ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കിയത്. ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും റൂറല്‍ എസ്പി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.ഉത്തര്‍ പ്രദേശ് സ്വദേശിയായ വൈഭവ് സക്‌സേന, ഝാന്‍സി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. 2013 വരെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തു. പിന്നീടാണ് യുപിഎസ് സി പരീക്ഷ പാസ്സായി ഐപിഎസില്‍ പ്രവേശിക്കുന്നത്.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും അപ്പോളോ ആശുപത്രിയും സംയുക്തമായിട്ടാണ് ആലുവ വൈഎംസിഎയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വൈദ്യപരിശോധനയ്ക്കായി എത്തി.