ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിലെ വീരജവാൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ കമൽ കാന്ത് ബത്ര (77) അന്തരിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് മരണവിവരം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്.
റിട്ട. അധ്യാപികയും മുൻ ആം ആദ്മി പാർട്ടി നേതാവുമായ കമൽ കാന്ത് ബത്ര ഹിമാചൽപ്രദേശിലെ പലംപുർ സ്വദേശിയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഏതാനും മാസങ്ങൾക്കകം പാർട്ടി വിടുകയും ചെയ്തിരുന്നു.
കാർഗിൽ യുദ്ധഭൂമിയിൽ ഒപ്പമുണ്ടായിരുന്ന സൈനികന്റെ ജീവൻരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിക്രം ബത്ര വെടിയേറ്റു മരിച്ചത്. രാജ്യം അദ്ദേഹത്തിന് പരമോന്നത സൈനികമെഡലായ പരംവീരചക്ര നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ജീവിതകഥ ആസ്പദമാക്കി 2021-ൽ ‘ഷേർഷാ’ എന്നപേരിൽ സിനിമയിറങ്ങിയിരുന്നു.