ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കോയമ്പത്തൂരില്‍ നിന്നോ ചെന്നൈയില്‍ നിന്നോ ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ പാര്‍ട്ടി ഇതിനകം ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാകും ജനവിധി തേടുക.
നിലവില്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെതാണ്. ചെന്നൈ നോര്‍ത്ത്, സൗത്ത് സെന്റര്‍ മണ്ഡലങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഡിഎംകെയാണ്. ഡോ. കലാനിധി വീരസ്വാമി, ഡോ. തമിഴച്ചി തങ്കപാണ്ഡ്യനും ദയാനിധി മാരനുമാണ് നിലവിലെ അംഗങ്ങള്‍.
കോയമ്പത്തൂരില്‍ കമല്‍ മത്സരിക്കുകയാണെങ്കില്‍ സഖ്യകക്ഷിയായ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്നാല്‍ ചെന്നൈയിലെ മൂന്ന് സീറ്റുകളില്‍ ഡിഎംകെയ്ക്ക് തീരുമാനിക്കാമെന്നുള്ളതിനാല്‍ അതില്‍ ഏതെങ്കിലും ഒന്നിലാകും മത്സരിക്കാനുള്ള സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൂന്നിടത്തും മത്സരിക്കുന്നത് ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളാണെന്നതും ശ്രദ്ധേയമാണ്. ഇവരിലൊരാളെ മാറ്റി കമലിന് സീറ്റ് നല്‍കുമോയെന്നതും ഉറപ്പില്ല.