കെ സുധാകരനും രാഹുല്‍ഗാന്ധിയും വീണ്ടും; 15 മണ്ഡലങ്ങളില്‍ ഒറ്റപ്പേര് മാത്രം; കോണ്‍ഗ്രസ് പട്ടികയായി

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിനാറില്‍ 15 മണ്ഡലങ്ങളില്‍ ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ച് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി. എല്ലാ സിറ്റിങ് എംപിമാരും വീണ്ടും മത്സരിക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 പേരുടെ പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.കണ്ണൂരില്‍ കെ സുധാകരന്റേയും വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടേയും പേരുകളാണ് പട്ടികയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയപ്പെട്ട ആലപ്പുഴയില്‍ സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ പേര് ഒന്നും നിര്‍ദേശിച്ചിട്ടില്ല. ആലപ്പുഴയില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്.

ആലപ്പുഴയില്‍ സീറ്റ് പിടിച്ചെടുക്കാനായി മുന്‍ എംപി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധമാണെന്ന് വേണുഗോപാല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ തുടങ്ങിയ പേരുകള്‍ പരിഗണിച്ചേക്കും. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ മത്സരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള അഭിപ്രായം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here