തിരുവനന്തുപുരം: ലോകത്തിന് മുന്നില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035ഓടെ ഇന്ത്യക്ക് സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കും. ഇതോടെ ബഹിരാകാശത്തിന്റെ അജ്ഞാതമായിരുന്ന കാര്യങ്ങളേക്കുറിച്ച് നമുക്ക് പഠിക്കാനാകും. അമൃതകാലത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരെ വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍, രാജ്യം ബഹിരാകാശ മേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുന്നുവെന്നത് യാദൃശ്ചികമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതേസമയം, അതിന് മുമ്പുള്ള പത്ത് വര്‍ഷത്തില്‍ കേവലം 33 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.