ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച് സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്.
മാര്‍ച്ച് നാലിനോ അഞ്ചിനോ ആകും മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം. ഐഎന്‍എസ് ജടായു എന്ന് പേരുള്ള താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ്. വിക്രാന്തും ഉള്‍പ്പെടെ 15 യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക.
യുദ്ധക്കപ്പലുകളില്‍ വെച്ച് സേനാ കമാന്‍ഡര്‍മാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന പദ്ധതിയിടുന്നുണ്ട്. രണ്ടാം ഘട്ടയോഗം മാര്‍ച്ച് ആറിനും ഏഴിനുമായി നടക്കും. പുതിയ സേനാതാവളങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.