കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

0

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍.

പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.

കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ഉദ്യോഗാര്‍ഥികളുടെ ബയോ മെട്രിക് പരിശോധന നടക്കുന്നതിനിടെയാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആള്‍ കയറി പോയ ബൈക്ക് അമല്‍ ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.

Leave a Reply