തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ ഫീസ് നിശ്ചയിച്ച് ചട്ടങ്ങൾ പുറത്തിറക്കി. കടുത്ത വ്യവസ്ഥകളോടെയാണ് ചട്ടങ്ങൾ. 2019 നവംബർ ഏഴിനു മുൻപ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർ നിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക. പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്കു മാത്രമാണ് വിജ്ഞാപനമായത്. 1000 രൂപ മുതൽ പതിനായിരത്തിന് മുകളിൽ വരെ ഫീസുണ്ട്.
കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീർണം കണക്കാക്കി പിഴ നൽകണം. റോഡിൽ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയായിരിക്കും ഫീസ്.
വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. മുൻവർഷങ്ങളിൽ 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റർ വരെയാക്കി.