കുചേലനില്‍ നിന്ന് അവില്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ശ്രീകൃഷ്ണന്‍ അഴിമതിക്കാരനായേനേ?; സുപ്രീം കോടതിയെ ട്രോളി മോദി

0

ലഖ്‌നൗ: ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ഭഗവാനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ സഹിതം പൊതുതാല്‍പര്യ ഹര്‍ജി നല്‍കും. അത് കോടതി അഴിമതിയാണെന്ന് വിധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്‌നൗവില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നത് പലപ്പോഴും കാണാമായിരുന്നെങ്കിലും ഇന്ന് അങ്ങനെ സംഭവിക്കുന്നില്ല. ആ ധാരണ തകര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ രാജ്യത്തിന്റെ നയ സ്ഥിരതയില്‍ വിശ്വസിക്കുന്നു. അതാണ് ലഖ്‌നൗവിലും പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യാന്തരം രാജ്യത്ത് നിലനിന്നിരുന്ന ചിന്താഗതിയാണ് നാം പിന്തുടര്‍ന്നതെങ്കില്‍ ഈ വികസനക്കുതിപ്പ് സാധ്യമാകുമായിരുന്നില്ല. ഇത്തരമൊരു ഇന്ത്യ വാര്‍ത്തെടുക്കാന്‍ പുതിയ ചിന്തയും പുതിയ ദിശാബോധവും ആവശ്യമാണെന്നും മോദി പറഞ്ഞു.

Leave a Reply