ന്യൂഡല്‍ഹി: കേരളത്തിന് അധിക വായ്പയ്ക്ക് അനുമതി നല്‍കണമെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരളം. അര്‍ഹതപ്പെട്ട വായ്പയ്ക്കാണ് അനുമതി തേടിയിരിക്കുന്നതെന്ന് കേരളത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും എന്നാല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്നും സംസ്ഥാനം വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും വിശദമായ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസ് മാര്‍ച്ച് 6,7 തിയതികളിലേയ്ക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.