വയനാട്ടിലെ ചില സ്‌കൂളുകള്‍ക്ക് നാളെ അവധി

0

കല്‍പ്പറ്റ: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അതേസമയം, വയനാട്ടിലെ മണ്ണുണ്ടി കോളനിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. രാത്രി എട്ടു മണിയോടെ അഞ്ചു യൂണിറ്റ് പട്രോളിങ്ങിന് ഇറങ്ങുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പട്രോളിങ് സംഘത്തിന്റെ കൈവശം തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഉണ്ടാകുമെന്ന് പേരിയ റേഞ്ചര്‍ അറിയിച്ചു. പട്രോളിങ് സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ വനംവകുപ്പ് നാട്ടുകാര്‍ക്ക് നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെ ആനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട് . ഇതോടെയാണ് ദൗത്യസംഘത്തെ നാട്ടുകാര്‍ പോകാനനുവദിച്ചത്. കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ ദൗത്യസംഘത്തെ തടയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ വിട്ടത്.

ഞായറാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ആനയെ വെടിവയ്ക്കാന്‍ പറ്റിയ സാഹചര്യത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന നിരന്തരം സഞ്ചരിക്കുന്നതാണു പ്രതിസന്ധിയായത്. ഏറെ നേരം ബാവലിയില്‍ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉള്‍വനത്തിലേക്കു പോയി.

തിരച്ചില്‍ നടത്തുകയായിരുന്ന വനപാലകര്‍ വൈകിട്ട് അഞ്ചരയോടെ വനത്തില്‍നിന്നും പുറത്തുവന്നതോടെ നാട്ടുകാര്‍ തടഞ്ഞു. ഇരുട്ടായതോടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. കര്‍ണാടക അതിര്‍ത്തിയായ ബാവലിയോടു ചേര്‍ന്നുള്ള സ്ഥലത്താണ് ആനയ്ക്കായി രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ റേഡിയോ കോളറിലെ സിഗ്‌നല്‍ ഉപയോഗിച്ചും ആന എവിടെയാണെന്നു തിരിച്ചറിയാന്‍ സാധിച്ചു. എന്നാല്‍ ഉള്‍വനത്തിലായതിനാല്‍ വെടിവയ്ക്കാന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here