ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
യുജിസി സെക്ഷന്‍ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയര്‍ത്തിയത്. യുജിസി സെക്ഷന്‍ 3 (11) ല്‍ പറയുന്നത് പ്രകാരം എംഫില്‍, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്‌സ്പീരിയന്‍സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സെക്ഷന്‍ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ വിശദമായ മറുപടിയുണ്ടെന്ന് പ്രിയ വര്‍ഗീസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയ വര്‍ഗീസ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന യുജിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.