കര്‍ഷക സമരം: ചര്‍ച്ച പരാജയം; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

0

ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരും 14 കർഷക സംഘടനാ നേതാക്കളും തമ്മിൽ നടന്ന ചർച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചേരുമെന്നും കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പറഞ്ഞു. വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചണ്ഡീഗഡിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തിൽ പങ്കെടുത്തിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം.അതിർത്തി പൂർണമായി അടച്ചതിലും ഇന്റർനെറ്റ് റദ്ദാക്കിയതിലും കർഷക സംഘടനാ നേതാക്കൾ യോഗത്തിൽ പ്രതിഷേധമറിയിച്ചു. കണ്ണീർവാതകവും റബർ ബുള്ളറ്റുകളും അമിതമായി ഉപയോഗിക്കുന്നെന്ന് പരാതിപ്പെട്ടു. കണ്ണീർവാതക ഷെല്ലുകൾ കർഷകർ കാണിച്ചു.

അതിനിടെ കർഷക പ്രക്ഷോഭത്തിന് നേരെ പൊലീസ് ഇന്നലെയും ശക്തമായ നടപടികൾ തുടർന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹരിയാനയിൽ ചില മേഖലകളിൽ ശനിയാഴ്ച വരെ ടെലികോം സേവനങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply