കർ‌ഷക സമരം; ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം

0

ന്യൂഡല്‍ഹി: കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദർ ഖനൗരിയിലെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഹരിയാന പൊലീസ് നടപടിയില്‍ മരിച്ച യുവ കർഷകനു നീതി ലഭിക്കും വരെ ശംഭു, ഖനൗരി അതിർത്തികളിൽ തുടരാൻ സംഘടനകൾ തീരുമാനിച്ചു. സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നും ഇപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്. 63 വയസായിരുന്നു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.

മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Leave a Reply