ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചിട്ട് ഞായറാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഇന്ന് നാലാവട്ട ചര്‍ച്ച നടത്തും. ചണ്ഡീഗഡില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്നുവട്ട ചര്‍ച്ചകളും പരാജയമായിരുന്നു. ഇത്തവണ അനുകൂലമായ ചില നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുമെന്നാണ് വിവരം. അതേസമയം നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.പഞ്ചാബില്‍നിന്ന് പുറപ്പെട്ട കര്‍ഷകസമരക്കാരെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. സമരത്തിനെത്തിയ കര്‍ഷകര്‍ ശംഭു, ഫത്തേബാദ്, ജിന്‍ഡ് എന്നീ അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിയുന്നത്. സമരത്തില്‍ പങ്കെടുക്കാനായി കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ സമരക്കാര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സമരക്കാര്‍ക്കു പിന്തുണയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗക്കാര്‍ ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി.
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് അതുചെയ്യാനാകും. കാർഷികകടങ്ങൾ എഴുതിത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെക്കാൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സർക്കാർ പ്രാധാന്യം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ ആവശ്യപ്പെട്ടു.