തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം അമ്മ ഒളിച്ചോടി. കന്യാകുമാരിയിൽ നിന്നും യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തു. രണ്ട് കുട്ടികളുടെ അമ്മയായ ഉറിയാക്കോട് സ്വദേശിനിയെയും ഇവരുടെ സുഹൃത്ത് കോട്ടൂർ സ്വദേശി വിഷ്ണു(34)വിനെയുമാണ് അറസ്റ്റിലായത്.
എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടി സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ വിളിക്കാൻ ആരും വന്നില്ല. വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി വീട്ടിലെത്തിച്ചു.പൊലീസ് അന്വേഷണത്തിൽ യുവതിയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിന് ഇരുവർക്കുമെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.