ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് അഖിലേന്ത്യാ തലത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ ആഹ്വാനം. 16 പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്‌മയായ ഐക്യവിദ്യാർത്ഥി മുന്നണിയാണ് വിദ്യാർത്ഥി ബന്ദിന് ആഹ്വാനം നൽകിയത്.
ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ സ്വകാര്യവൽക്കരണ നയത്തിനെതിരെ കൂടിയാണ് പ്രക്ഷോഭമെന്ന് സംയുക്ത പ്രസ്‌താവനയിൽ സംഘടനകൾ വ്യക്തമാക്കി. കേന്ദ്രനയം ദുർബല വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. കർഷകന്റെ ദുരവസ്ഥ വിദ്യാർത്ഥികളെയും ആശങ്കപ്പെടുത്തുന്നു.
കർഷകർക്കൊപ്പം ചേർന്ന് വിദ്യാർത്ഥികളും പടവെട്ടും. ഏകപക്ഷീയമായി നടപ്പാക്കിയ വിനാശകരമായ പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും ഐക്യവിദ്യാർത്ഥി മുന്നണി ആഹ്വാനം ചെയ്‌തു.