റോഡ് യാത്രയിലെ കുലുക്കം സിപിആര്‍ ആയി!; മരിച്ചയാള്‍ കണ്ണുതുറന്നു; പുതുജന്മത്തില്‍ അമ്പരന്ന് ബന്ധുക്കള്‍

0

പട്‌ന: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വയോധിക പതിനെട്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നു. ഛത്തീസ്ഗഡിലെ ആശുപത്രിയിലെ ഡോക്ടര്‍മരാണ് ബെഗുസരായി സ്വദേശിനിയായ രാംവതി ദേവി മരിച്ചെന്ന് വിധിയെഴുതിയത്. അവരുടെ മൃതദേഹം സംസ്‌കരിക്കാനായി ജന്മനാടായ ബീഹാറിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വയോധികയ്ക്ക് ജീവനുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്.

വയോധിക മക്കള്‍ക്കൊപ്പമാണ് ഛത്തീസ്ഗഡിലെത്തിയത്. അവിടെ വച്ച് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി പതിനൊന്നിനാണ് വയോധികയെ അവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വയോധിക മരിച്ചതായി ഡോക്ടര്‍മാര്‍ മക്കളെ അറിയിച്ചു.

എന്നാല്‍ അമ്മയുടെ മൃതദേഹം ജന്മനാട്ടില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു മക്കളുടെ തീരുമാനം. ഫെബ്രുവരി പന്ത്രണ്ടിന് അമ്മയുടെ മൃതദേഹം സ്വകാര്യ വാഹനത്തില്‍ ബെഗുസരായിലേക്ക് കൊണ്ടുവരികയായിരുന്നു. 18 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ബിഹാറിലെ ഔറംഗബാദില്‍ എത്തിയപ്പള്‍ വയോധികയ്ക്ക് ബോധം വന്നു.ആദ്യം ഭയന്ന ബന്ധുക്കള്‍ വാഹനം റോഡരികില്‍ നിര്‍ത്തി അവരെ പരിശോധിച്ചു. ജീവനുണ്ടെന്ന് മനസിലാക്കിയതോടെ ബെഗുസരായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡുമാര്‍ഗം വാഹനത്തില്‍ കൊണ്ടുവന്നതിനാല്‍ യാത്രയ്ക്കിടെ വണ്ടിയുടെ കുലുക്കം മൂലം സിപിആര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നും അതിനാലാവാം ബോധം തിരിച്ചുകിട്ടാന്‍ കാരണമായതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച വയോധിക സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply