റോഡ് വീതി കൂട്ടുന്നതില്‍ തര്‍ക്കം; തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ത്തു; 21 പേര്‍ക്ക് പരിക്ക്; നിരോധനാജ്ഞ

0

ഹൈദരബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ജന്‍വാഡയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്. ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം പള്ളി അടിച്ച് തകര്‍ക്കുകയായിരുന്നു.

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡിന്റെ വീതി കൂട്ടണമെങ്കില്‍ പള്ളി പൊളിച്ചുമാറ്റണം. ഈ നിര്‍ദേശത്തെ പള്ളിക്കമ്മറ്റിക്കാര്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരുകൂട്ടം ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 200 ഓളം പേര്‍ എത്തി പളളി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്.പളളിയുടെ മേല്‍ക്കൂര ഉള്‍പ്പടെ അക്രമികള്‍ അടിച്ചു തകര്‍ത്തു. വഴിയില്‍ നിന്ന സ്ത്രീകളെയും ആക്രമിച്ചതായും ആരോപണം ഉണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply