ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സോഷ്യല്‍മീഡിയയില്‍ പ്രചരണം. പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും വ്യാജ സാമ്പിള്‍ പേപ്പര്‍ പുറത്തിറങ്ങിയതായുമാണ് യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.
നാളെ മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ തുടങ്ങാനിരിക്കേയാണ് വ്യാജ പ്രചരണം. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിന് അവസാനിക്കും. നാളെ മുതല്‍ തന്നെ ആരംഭിക്കുന്ന പത്താംക്ലാസ് പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് 13നാണ്. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും സിബിഎസ്ഇ അറിയിച്ചു.
വ്യാജ പ്രചരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സിബിഎസ്ഇ, കുട്ടികളുടെയും മാതാപിതാക്കളുടെ ഇടയില്‍ അനാവശ്യമായി ആശങ്ക പരത്താന്‍ ഇത്തരം പ്രചരണങ്ങള്‍ കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
‘സാമ്പിള്‍ പേപ്പറുമായി ബന്ധപ്പെട്ട് വ്യാജ ലിങ്കുകളാണ് സൈബര്‍ ക്രിമിനലുകള്‍ അയക്കുന്നത്. ഇതില്‍ നിന്നാണ് ബോര്‍ഡ് പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ വരിക എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൂടാതെ ചോദ്യപേപ്പറിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് പണവും ആവശ്യപ്പെടുന്നുണ്ട്. ഇവ നോക്കി പഠിക്കുന്നതിനായാണ് പണം ആവശ്യപ്പെടുന്നത്. കൂട്ടികളുടെ ഇടയില്‍ പരിഭ്രാന്തി പരത്താന്‍ ഇത്തരം വ്യാജ പ്രചരണം കാരണമാകും’- സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.