ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് ആണ് പരീക്ഷ തുടങ്ങുക. 10 മണിക്ക് ശേഷം എത്തുന്നവരെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. കർഷകസമരം നടക്കുന്ന ഡൽഹിയിൽ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ വിദ്യാർഥികൾ നേരത്തെ പരീക്ഷാകേന്ദ്രങ്ങളിൽ എത്താനും നിർദേശമുണ്ട്.
ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. മാർച്ച് 13ന് 10-ാം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും. 10.30 മുതൽ 12.30 വരെയാണ് പ്രധാനമായും പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം ബോർഡ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു എന്ന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.