ന്യൂഡല്‍ഹി: ലൈഗിംകാതിക്രമ കേസില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി നിയമിച്ചതിനെതിരെ ഗുസ്തി താരങ്ങള്‍. ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഗുസ്തി താരങ്ങളായ ബജ്‌റങ് പുനിയയും സാക്ഷി മാലിക്കും മുന്നറിയിപ്പ് നല്‍കി.
ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ നീക്കാനുള്ള യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) തീരുമാനത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയും കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയുമായ സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയതിലും താരങ്ങള്‍ അതൃപ്ത്തി അറിയിച്ചു.
ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച യുഡബ്ല്യുഡബ്ല്യു പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ദേശീയ ഫെഡറേഷനോട് നിര്‍ദ്ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ തെഞ്ഞെടുപ്പ് നടത്തുന്നതില്‍ ഗുസ്തി ഫെഡറേഷന് സാധിക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുഡബ്ല്യുഡബ്ല്യു ഫെഡറേഷന് സസ്‌പെന്‍ഡ് ചെയ്തത്.