ഇംഫാല്‍: മണിപ്പൂര്‍ ഇംഫാലിൽ സര്‍വകലാശാല ക്യാമ്പസിനുള്ളിലുണ്ടാ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒയിനം കെനെജി (24) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാം മൈക്കിള്‍ (24) ചികിത്സയിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വെള്ളിയാഴ്ച രാത്രി 9.25 ഓടെ ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎംഎസ്യു) ഓഫീസിന് മുന്നിലായിരുന്നു സ്‌ഫോടനം നടന്നത്. എഎംഎസ്യു ഓഫീസിന്റെ കിഴക്ക് ഭാഗത്താണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരില്‍ ഒരാളാണ് മരിച്ചത്.ഇന്നലെ ഇംഫാല്‍ തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍ ലാംഫെല്‍പട്ടിലുള്ള യുണൈറ്റഡ് കമ്മിറ്റി മണിപ്പൂര്‍ (യുസിഎം) സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഓഫീസ് അജ്ഞാതര്‍ തീയിട്ടു.
കൂടാതെ, ശനിയാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അജ്ഞാതര്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പരിസരത്ത് നിര്‍ത്തിയിട്ട ഒരു വാഹനവും നശിപ്പിച്ചതായി പൊലീസ് അറിയിച്ചു.