കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൂന്നുമണിക്കൂറോളമാണ് പ്രതികള്‍ സിദ്ധാര്‍ത്ഥനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ശരീരത്തിലാകെ മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്.
ബെല്‍റ്റ് കൊണ്ട് ശരീരമാസകലം അടിച്ചു. ബെല്‍റ്റിന്റെ ക്ലിപ്പ് കൊണ്ട് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. വയറുകള്‍ കൊണ്ട് അടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. നെഞ്ചില്‍ മുഷ്ടി ചുരുട്ടി മര്‍ദ്ദിച്ചു. വയറിന്റെ ഭാഗത്ത് ചവിട്ടേറ്റതിന്റെ പാടുകളുമുണ്ട്. ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രതികളാണ് ക്രൂമര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കേസിലെ പ്രതികളായ അഭിഷേക് എസ്എഫ്‌ഐ കോളജ് യൂണിയന്‍ സെക്രട്ടറിയാണ്. കെ അരുണ്‍ കോളജ് യൂണിയന്‍ പ്രസിഡന്റാണ്. ഇവര്‍ രണ്ടുപേരും കോളജിലെ ആന്റി റാഗിങ്ങ് സ്‌ക്വാഡിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുമാണ്. കേസില്‍ അഭിഷേക് അടക്കം ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.
അരുണും എസ്എഫ്‌ഐ കോളജ് ഭാരവാഹി അമല്‍ ഹസാന്‍ അടക്കമുള്ള പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ, റാഗിങ് നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടാം തീയതി ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.