വീണയ്ക്കു തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തടയില്ല, ഹര്‍ജി തള്ളി

0

ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ജസ്റ്റിസ് നാഗപ്രസന്ന പുറപ്പെടുവിച്ചത്. വിശദ വിധിന്യായം നാളെ രാവില പത്തരയ്ക്ക് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്സാലോജിക് വാദിച്ചു. അതിനിടെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കില്ലന്നാണ് കമ്പനി വാദിച്ചത്. എന്നാല്‍ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply