ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനം സജ്ജം, നഗരം ഭക്തിസാന്ദ്രം

0

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ മുതൽ ദേവീ സന്നിധിയിൽ അടുപ്പുകൂട്ടി പുണ്യദിനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ.

നാളെ രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.

ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നതടക്കം കെഎസ്ഇബിയും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here