തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്‌കീം – 2024 അംഗീകരിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്ക്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യവസായ സംരംഭകത്വം വളര്‍ത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉല്‍പ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്‌കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.