തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

0

തിരുവനന്തപുരം: മലയിന്‍കീഴ് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. കാരങ്കോട്ട്‌കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. കുത്തേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിയര്‍കുപ്പി പൊട്ടിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അരുണ്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മദ്യപാനത്തിനിടെ സമീപത്തുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉത്സവത്തില്‍ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം ഉണ്ടായി. ഇത് കണ്ട് സമീപവാസിയായ രാജേഷ് എന്നയാള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് രാജേഷും മദ്യപിച്ചിരുന്ന സംഘത്തിലെ അരുണും തമ്മിലായി തര്‍ക്കം. രാജേഷിനെ അരുണ്‍ മര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്ന്് രാജേഷിന്റെ ബന്ധുവായ ശരത് അടക്കമുള്ള സമീപവാസികള്‍ സ്ഥലത്തെത്തി.

തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അതിനിടെ അരുണ്‍ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് ശരത്തിനെയും അഖിലേഷിനെയും കുത്തുകയായിരുന്നു. ശരത്തിന്റെ വയറിലാണ് കുത്തേറ്റത്. രക്തം വാര്‍ന്നാണ് ശരത്ത് മരിച്ചതെന്ന് പൊലീസ് പറയുന്നു. നെഞ്ചില്‍ കുത്തേറ്റ അഖിലേഷിന്റെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അഖിലേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply