‘അമേരിക്കന്‍ കോര്‍ണര്‍’; ചെന്നൈ യു എസ് കോണ്‍സുലേറ്റും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു

0

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) ‘അമേരിക്കന്‍ കോര്‍ണര്‍’ സ്ഥാപിക്കാനായി യു എസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു.

പങ്കാളികളായ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്ര പ്രവര്‍ത്തനാധികാരമുള്ള യുഎസ് സര്‍ക്കാരിന്റെ ആഗോള പങ്കാളിത്ത മോഡലായ ‘അമേരിക്കന്‍ സ്‌പേസസ്’ പ്രോഗ്രാമിന്റെ കീഴിലാണ് അമേരിക്കന്‍ കോര്‍ണര്‍ സ്ഥാപിതമാകുക. കുസാറ്റിലെ ഈ പുതിയ അമേരിക്കന്‍ കോര്‍ണര്‍ കാലക്രമത്തില്‍ ഇന്ത്യയിലും ഏഷ്യയിലും ലോകമെമ്പാടുമായുള്ള 600ലധികം അമേരിക്കന്‍ സ്‌പേസുകളുടെ ശൃംഖലയുടെ ഭാഗമാകും.

കുസാറ്റില്‍ 18 യുഎസ് സര്‍വകലാശാലകളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ യുഎസ് എഡ്യുക്കേഷന്‍ ട്രേഡ് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് യുഎസ്. കോണ്‍സുല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡബ്ല്യു. ഹോഡ്ജസും കുസാറ്റ് രജിസ്ട്രാര്‍ ഡോ. വി. മീരയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരനും സന്നിഹിതനായിരുന്നു.

കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍ വിശ്വസ്തമായ അക്കാദമിക, ഗവേഷണ വിവരങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന വേദിയായി മാറും. ഇ റി യുഎസ്എ എന്ന ഡിജിറ്റല്‍ വായനശാല, ഇംഗ്ലീഷ് ഭാഷാശേഷീ തൊഴില്‍ വികസന പരിപാടികള്‍, മാധ്യമ സാക്ഷരതാ ശില്‍പ്പശാലകള്‍, യുഎസ് സ്ഥാപനങ്ങളുമായുള്ള കൈമാറ്റ അവസരങ്ങള്‍, അമേരിക്കയിലെ പഠനത്തിനുള്ള ഉപദേശക സേവനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കും.

Leave a Reply