കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ ലാൽജു (40) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. ഫാജിസും ചോറ് അച്ചുവുമാണ് പിടിയിലായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം.
കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ലാൽജു. ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടക്കുന്നത്. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റ ജോജിയുടെ നില ഗുരുതരമാണ്.2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. ബന്ധുവീട്ടിൽ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.