തിരുവനന്തപുരം: കോടതി വളപ്പില്‍ വച്ച് ഒരു പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തായിരുന്നു സംഭവം.
തിരുവനന്തപുരം മണ്ണന്തല രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്. കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കൈയില്‍ കരുതിയ ബ്ലേഡ് കൊണ്ട് റോയിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.അഞ്ചുതെങ്ങ് റിക്‌സന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി. പൂജപ്പുര ജയിലില്‍ നിന്ന് ബസില്‍ വഞ്ചിയൂര്‍ കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം.
ജയിലിനുള്ളിൽ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നത്. റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽനിന്ന് ഇരുമ്പ് കമ്പി തുണ്ടുകൾ കണ്ടെടുത്തതിനെ തുടർന്ന് പൂജപ്പുര പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ റോയിയെ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ട് വന്നപ്പോഴാണ് ആക്രമണം നടന്നത്.