ഡേ കെയറില്‍ നിന്നും രണ്ടു വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം; അധ്യാപകരെ പിരിച്ചുവിട്ടു

0

തിരുവനന്തപുരം: നേമത്ത് രണ്ടു വയസുകാരന്‍ ഡേ കെയറില്‍ നിന്ന് തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വിഎസ് ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്.

സംഭവം ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നേമം കാക്കാമൂല അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഡേ കെയറില്‍ നിന്ന് വീട്ടിലെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ അറിയാതെയാണ് കാക്കാമൂലയിലെ ഡേ കെയറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കുട്ടി തനിച്ച് എത്തിയത്.വീട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ ആണ് കുട്ടി അവിടെ ഇല്ലെന്നും വീട്ടിലെത്തിയെന്നും ഡേ കെയര്‍ ജീവനക്കാര്‍ അറിയുന്നത്.ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്തു പോകാന്‍ അനുവാദമുള്ളത്.

Leave a Reply