തിരുവനന്തപുരം: കല്ലമ്പലം ദേശീയപാതയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. ആഴാംകോണം മുല്ലമംഗലം വൈഗ ലാന്‍ഡില്‍ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മി (29) ആണ് മരിച്ചത്.
ആഴാംകോണം ജംഗ്ഷനു സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കീഴൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.ദേശീയപാതയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും കുഴി നിറഞ്ഞ നിലയിലാണ്. കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിയന്ത്രണം തെറ്റിയോ സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് റോഡില്‍ തട്ടി വീണോ ആകാം അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.റോഡില്‍ തെറിച്ചു വീണ ലക്ഷ്മിക്ക് പണി നടന്നു കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാളികളില്‍ തല തട്ടിയാണ് പരിക്കേറ്റത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.