മകനെ മോചിപ്പിക്കാന്‍ 33ലക്ഷം വേണം; അമ്മയ്ക്ക് കോള്‍;സ്വയം തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

0

ലഖ്‌നൗ: സ്വന്തമായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത ശേഷം അമ്മയില്‍ നിന്ന് 33 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ 32കാരനായ ഹര്‍ഷിത് ശര്‍മയാണ് അറസ്റ്റിലായത്.

കടം വാങ്ങിയ 33 ലക്ഷം രൂപ നല്‍കുന്നതിനായാണ് ഇയാള്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശര്‍മ പിടിയിലായത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ശര്‍മ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു

ചൊവ്വാഴ്ച് രാത്രി ഏറെ വൈകിയാണ് മകനെ തട്ടിക്കൊണ്ടുപോയ കാര്യം അമ്മ പൊലീസില്‍ അറിയിച്ചത്. മോചനദ്രവ്യമായി 33 ലക്ഷം രൂപ ആവശ്യപ്പട്ടതായും അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയാണ് ലൊക്കേഷനെന്ന് കണ്ടെത്തി. അതേസ്ഥലത്തുതന്നെ ശര്‍മയുടെ ഫോണ്‍ ലൊക്കേഷനും കണ്ടു. അവിടെ പൂട്ടിയിട്ട ഒരു കോഴി ഫാമില്‍ മദ്യപിച്ച നിലയില്‍ ശര്‍മയെ കണ്ടെത്തുകയായിരുന്നു.

കടം വീട്ടാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും അമ്മയില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബമാണെന്നും അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ അമ്മയുടെ പേരിലാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ സഹോദരിയും ഭാര്യയും സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരാണ്. മദ്യത്തിന് അടിമയായ ശര്‍മ ജനങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങിയിരുന്നു. പണം നല്‍കിയവര്‍ തിരിച്ചുചോദിച്ചപ്പോള്‍ മറ്റൊരുവഴിയും ഇല്ലാതെ വന്നപ്പോള്‍ സുഹൃത്തിന്റെ നിര്‍ദേശാനുസരണമാണ് ശര്‍മ ഇത്തരമൊരു പദ്ധതി നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Leave a Reply