ബസ്സിൽ കയറിയ പത്താം ക്ലാസുകാരനെ കണ്ടക്ടർ കടിച്ചു; പരാതി

0

കൊച്ചി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിൽ ഓടുന്ന മദീന ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് ആക്രമണമുണ്ടായത്. ഇടപ്പള്ളിയിൽ നിന്ന് ബസ്സിൽ കയറിയതുമുതൽ തന്നോട് മോശമായാണ് കണ്ടക്ടർ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്. ബസ്സിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിർത്തി. ഇവിടെ നിന്നാൽ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ കുട്ടിയോട് തർക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കടിക്കുക മാത്രമല്ല വിദ്യാർത്ഥിയുടെ മുഖത്തും ഇയാൾ അടിച്ചു.

വിദ്യാർത്ഥിയുടെ നെഞ്ചിൽ പല്ലുകൊണ്ടേറ്റ മുറിവിന്റെ പാടുണ്ട്. സംഭവത്തിൽ പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹന വകുപ്പിനും വിദ്യാർത്ഥി പരാതി നൽകി.

Leave a Reply