തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ 20 മിനിറ്റ് മുന്‍പ് ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തും. പിന്നാലെയാണ് പ്രധാനമന്ത്രി ഹെലിപ്പാഡില്‍ ഇറങ്ങുക. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു 7.40നായിരിക്കും അദ്ദേഹം ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ എത്തുക. ദര്‍ശനത്തിനായി 20മിനിറ്റ് ചെലവിടുന്ന അദ്ദേഹം താമര കൊണ്ടു തുലാഭാരം നടത്തുമെന്നാണ് വിവരം. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികള്‍ക്കും അദ്ദേഹം ആശംസ നേരും. പിന്നീട് തൃപ്രയാറിലേക്ക് പോകും. നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്ന വധൂവരന്‍മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം.