തിരുവനന്തപുരം: ഗുരുവായൂരില്‍ തന്നെ സന്ദര്‍ശിച്ച മൂന്നു പേരുടെ ചിത്രങ്ങള്‍ എക്സലില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം വരച്ച കൃഷ്ണന്റെ ചിത്രം സമ്മാനിക്കുന്ന ജസ്ന സലിം, ജൈവകൃഷിയോട് അതിയായ താല്‍പ്പര്യമുള്ള ജയലക്ഷ്മി, വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്കു ദാഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ശ്രീമന്‍ നാരായണന്‍ എന്നിവരുടെ ചിത്രങ്ങളാണ് അടിക്കുറിപ്പോടെ മോദി പങ്കുവെച്ചിരിക്കുന്നത്.
ഗുരുവായൂരില്‍വച്ച് ജസ്ന സലിം ജി വരച്ച കൃഷ്ണന്റെ ചിത്രം എനിക്കു സമ്മാനിച്ചു. കൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവര്‍ത്തനാത്മക ശക്തിയുടെ തെളിവാണ്. പ്രധാന ഉത്സവങ്ങളില്‍ ഉള്‍പ്പെടെ ഗുരുവായൂരില്‍ വര്‍ഷങ്ങളായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ അവര്‍ സമര്‍പ്പിക്കുന്നു എന്നാണ് ജസ്നയോടൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ്.
കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. രണ്ടു വര്‍ഷം മുമ്പ്, എന്റെ സുഹൃത്ത് സുരേഷ് ഗോപി ജി അവര്‍ വളര്‍ത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാന്‍ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.’ എന്നാണ് മോദി എഴുതിയിരിക്കുന്നത്.
ഇന്നലെ കേരളം സന്ദര്‍ശിച്ചപ്പോള്‍ മന്‍കി ബാത്ത് പരിപാടികളിലൊന്നില്‍ ഞാന്‍ പരാമര്‍ശിച്ച ശ്രീമാന്‍ നാരായണന്‍ ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. എറണാകുളം സ്വദേശിയായ അദ്ദേഹം, രൂക്ഷമായ വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്കു ദാഹിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം നിരവധി മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു.’ ശ്രീമന്‍ നാരായണനില്‍ നിന്ന മണ്‍ പാത്രചട്ടി സ്വീകരിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പം പ്രധാനമന്ത്രി കുറിച്ചു.