സീരിയസ് ഫ്രോഡ് ഏജന്‍സി അന്വേഷിക്കുന്നതില്‍ തടസ്സമില്ല; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

0

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കുന്നതിന് കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് ആണ് മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചിരുന്നു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മൂന്നു സംസ്ഥാനങ്ങളിലെ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജന്‍സി വേണ്ടെന്നും സിഎംആര്‍എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും കോടതിയില്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here