നവകേരള സദസിൽ കടയ്ക്കാവൂർ സ്വദേശി നൽകിയ പരാതിക്ക് ലഭിച്ചത് വിചിത്ര മറുപടി. തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് സർക്കാരിന്റെ ഫോൺ സന്ദേശം. ഭാര്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നായിരുന്നു പരാതി. മറുപടി ലഭിച്ചത് കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിനാണ്. പ്രതീക്ഷയോടെയാണ് പരാതി നൽകിയതെന്നും സർക്കാർ മറുപടിയിൽ നിരാശയെന്നും സുനിൽകുമാർ പറയുന്നു.
അതേസമയം നവകേരള സദസ്സുകളിൽ ഓരോ സ്ഥലങ്ങളിലെയും വിവിധ തുറകളിൽ നിന്നുള്ള ജനങ്ങളിൽ നിന്ന് സ്വീകരിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അവലോകനം നടക്കുന്നത്. ഓരോ വകുപ്പിലെയും ഉന്നതതല ഉദ്യോഗസ്ഥരെ നേരിൽ വിളിച്ച് നിർദ്ദേശങ്ങൾ ഓരോന്നായി പരിശോധിക്കും.അവയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് തുടർ നടപടികളിലേക്ക് പോകും. ഇത് ആദ്യത്തെ അവലോകന യോഗമാണ്. തുടർന്നും യോഗങ്ങൾ നടക്കുമെന്നാണ് അറിയുന്നത്. വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് വന്ന നിര്‍ദേശങ്ങൾ പ്രത്യേകമായി പരിശോധിക്കും. സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കി ഓരോ നിർദ്ദേശത്തിലും തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.