ശാന്തന്‍പാറ സിപിഎം ഓഫീസ് നിര്‍മ്മാണം: എന്‍ഒസിക്കുള്ള അപേക്ഷ കലക്ടര്‍ നിരസിച്ചു

0

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടന്നിരുന്നത്.

ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലായിരുന്നു നിര്‍മ്മാണം.

എന്‍ഒസി വാങ്ങാതെ നിര്‍മ്മാണം നടത്തിയതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പ് ആദ്യം നിര്‍മ്മാണം തടഞ്ഞിരുന്നു. പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

എന്‍ഒസിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഉടമസ്ഥാവകാശ രേഖകളും സ്ഥലവും പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് സര്‍വേ നടത്തി. പട്ടയം ഇല്ലാത്ത 12 സെന്റ് സ്ഥലം സിപിഎമ്മിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തി.

48 ചതുരശ്രമീറ്റര്‍ റോഡു പുരമ്പോക്കു ഭൂമിയും കയ്യേറിയതായി കണ്ടെത്തി. നാലു നിലകളുള്ള ഏതാണ്ട് 4000 അടി ചതുരശ്ര അടി വ്‌സിതീര്‍ണം വരുന്ന കെട്ടിടമാണ് നിര്‍മ്മിച്ചു വന്നിരുന്നത്. കെട്ടിടം ഗാര്‍ഹിക ആവശ്യത്തിനല്ല എന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഒസി നിഷേധിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here