തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ അടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെയാണ് ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറില്‍ തകരാറുണ്ടായത്.
ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങള്‍ തടസപ്പെട്ടതോടെ, ഉപഭോക്താക്കള്‍ വലഞ്ഞു. ഗൂഗിള്‍ പേ, ആമസോണ്‍, പേടിഎം തുടങ്ങിയ ബിബിപിഎസ് സംവിധാനങ്ങള്‍, അക്ഷയ, ഫ്രണ്ട്‌സ് എന്നിവയിലൂടെ ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കുന്നതാണ് സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടത്.
തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഇന്നലെ മുതല്‍ തന്നെ കെഎസ്ഇബി ആരംഭിച്ചിരുന്നു.അതിനിടെ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in വഴി പണമടയ്ക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.