പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ രാമഭക്തന് ഹൃദയാഘാതം; രക്ഷകരായി വായുസേന

0

അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട രാമഭക്തന് തുണയായി ഇന്ത്യൻ എയർഫോഴ്സ്. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഭക്തന്റെ ജീവൻ രക്ഷിക്കാനായത്.

രാമകൃഷ്ണ ശ്രീവാസ്തവ (65) ആണ് ക്ഷേത്ര സമുച്ചയത്തിനുള്ളിൽ കുഴഞ്ഞുവീണത്. വിംഗ് കമാൻഡർ മനീഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ‘ഭീഷ്എം’ ക്യൂബിന്റെ ഒരു സംഘം അദ്ദേഹത്തെ അവിടെ നിന്ന് മാറ്റുകയും മിനിറ്റുകൾക്കുള്ളിൽ പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. പിന്നീട് കൂടുതൽ നിരീക്ഷണത്തിനും പ്രത്യേക പരിചരണത്തിനുമായി അദ്ദേഹത്തെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

നിർണായകമായ സുവർണ്ണ സമായതിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പാക്കിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ. പ്രാഥമിക വിലയിരുത്തലിൽ, ശ്രീവാസ്തവയുടെ രക്തസമ്മർദ്ദം അപകടകരമായ നിലയിൽ ഉയർന്നതായി കണ്ടെത്തി. 65 കാരന്റെ നില മെച്ചപ്പെട്ടതായും എയർഫോഴ്സ് പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യ മൈത്രി ദുരന്ത നിവാരണ പദ്ധതിക്ക് കീഴിലുള്ള രണ്ട് ക്യൂബ്-ഭീഷ്‌എം മൊബൈൽ ആശുപത്രികൾ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് കണക്കിലെടുത്ത് അയോധ്യയിൽ വിന്യസിച്ചിരുന്നു. ഈ മൊബൈൽ ആശുപത്രികളിൽ ദുരന്ത പ്രതികരണവും, അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായവും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത നൂതന ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

Leave a Reply