നാട്ടുകാരുടെ മുന്നില്‍വച്ച് പൊലിസുകാരന് എസ്‌ഐയുടെ മര്‍ദനം

0

കല്‍പ്പറ്റ: നാട്ടുകാരുടെ മുന്നില്‍വച്ച് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് ഇന്‍സ്‌പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

സിവില്‍ പൊലീസ് ഓഫിസറെ ഇന്‍സ്പെക്ടര്‍ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടിയോടു ഒരാള്‍ മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ സ്ഥലത്ത് എത്തിയത്. സിവില്‍ പൊലീസ് ഓഫിസര്‍ മഫ്തിയിലായിരുന്നു. പ്രതിയെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആയാള്‍ ആയിരുന്നില്ല പ്രതി. ഇത് വാക്കേറ്റത്തിനു കാരണമായി.

യൂണിഫോമില്‍ അല്ലാത്തതിനാല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വാഹനത്തില്‍ തന്നെ ഇരുന്നതാണ് ഇന്‍സ്‌പെക്ടറെ ചൊടിപ്പിച്ചതെന്ന് പറയുന്നു. തുടര്‍ന്നായിരുന്നു അസഭ്യ വാക്കുകളും മര്‍ദ്ദനവും. വൈകാരികതയില്‍ ചെയ്തുപോയതെന്നാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്നാണ് സിവില്‍ പൊലീസ് ഓഫിസറുടെയും നിലപാട്. അതേസമയം, പൊതുജനങ്ങള്‍ക്കിടയില്‍ വച്ചുള്ള ഇന്‍സ്‌പെക്ടറുടെ പെരുമാറ്റം വീഴ്ചയാണെന്നാണ് പൊലീസിനുള്ളിലെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here